ചിത്രാംഗതനും വിചിത്രവീര്യനും  

എഴുതിയതും വരച്ചതും Unknown

ശന്തനു മഹാരാജാവിനും സത്യവതിയ്ക്കും രണ്ട് മക്കള്‍, ചിത്രാംഗതനും വിചിത്രവീര്യനും. തന്റെ മരണത്തിന് മുന്‍പ് ശന്തനു മഹാരാജവ് ഭീഷ്മരോട് ഭാരത സിംഹാസനത്തിന്റെ എന്നെന്നേയ്ക്കുമായുള്ള നിലനില്പിന്റെ കാവലാളായിരിയ്ക്കാന്‍ ആവശ്യപ്പെട്ടു. വീരനായ ഭീഷ്മര്‍ പിതാവിന്റെ ആജ്ഞ ശിരസ്സാവഹിച്ചു. യുവാവായ ചിത്രാംഗതന്‍ ഭരണം നടത്തിത്തുടങ്ങി. ആയിടയ്ക്ക് ചിത്രാംഗതന്‍ എന്ന് പേരുള്ള ഒരു ഗന്ധര്‍വന്‍ രാജവിനെക്കുറിച്ചറിഞ്ഞു. തന്റെ അതേ പേരില്‍ ഒരു മനുഷ്യന്‍ ജീവിയ്ക്കുന്നത് ഇഷ്ടപ്പെടാത്ത ഗന്ധര്‍വന്‍ ചിത്രാംഗതനെ പോരിനു വിളിച്ചു. അവിടെ നടന്ന ഭീകരമായ യുദ്ധത്തില്‍ രാജാവായ ചിത്രാംഗതനെ മായാവിയായ ഗന്ധര്‍വ്വന്‍ പരാജിതനാക്കി,വധിച്ചു.തുടര്‍ന്ന് വിചിത്രവീര്യന്‍ രാജാവാകുകയും അദ്ദേഹത്തിന്റെ രാജസിംഹാസനത്തെ ഭീഷ്മര്‍ സംരക്ഷിച്ചുപോരുകയും ചെയ്തു.

ഇടവേള  

എഴുതിയതും വരച്ചതും Unknown

രാമായണ മാസം പ്രമാണിച്ച്, ധര്‍മ്മയുദ്ധം താല്‍കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. കര്‍ക്കിടകം കഴിഞ്ഞ് പുതിയ കഥകളുമായി തുടരും ..............

ഭീഷ്മ ശപഥം  

എഴുതിയതും വരച്ചതും Unknown

ഭീഷ്മര്‍ എന്ന പേര് ദേവവ്രതന് എങ്ങനെ കിട്ടി എന്ന് അറിയേണ്ടെ ?????
ഗംഗാദേവിയെ പിരിഞ്ഞ ശന്തനു മഹാരാജാവ് തന്റെ പുത്രനായ ദേവവ്രതനെ അമൂല്യനിധിപോലെ വളര്‍ത്തി. ദേവവ്രതനും അച്ഛനെ വളരെയധികം സ്നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ശന്തനു മഹാരാജാവ് നദിക്കരയില്‍ സത്യവതിയെ കാണുവാന്‍ ഇടയായി. അതിസുന്ദരിയായ സത്യവതിയെ അദ്ദേഹം ഭാര്യയാക്കാന്‍ ആഗ്രഹിക്കുകയും അവളോട് അതു വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തന്റെ പിതാവിന്റെ ആഗ്രഹമനുസരിച്ചു മാത്രമേ വിവാഹിതയാകുകയുള്ളു എന്ന് സത്യവതി രാജാവിനെ അറിയിച്ചു. സത്യവതിയുടെ പിതാവിനെ കണ്ട് രാജാവ് തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍, തന്റെ മകള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് രാജ്യാവകാശം നല്കണം എന്ന് മുക്കുവ ശ്രേഷ്ഠന്‍(സത്യവതിയുടെ പിതാവ്) ആവശ്യപ്പെട്ടു. ദേവവ്രതനെ അന:ന്തരാവകാശിയായി കരുതിയിരുന്ന മഹാരാജാവ് ദു:ഖഭാരത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തി.

പിതാവിന്റെ ചെറിയൊരു ഭാവമാറ്റവും മനസ്സിലാക്കിയിരുന്ന ദേവവ്രതന്‍, എന്താണ് ദു:ഖകാരണം എന്ന് രാജാവിനോടും എന്നാല്‍ മറുപടി കിട്ടാതെ, മന്ത്രിമാരോടും അന്വേഷിച്ചു. ഒരു മുക്കുവപെണ്‍കൊടിയാണ് രാജാവിന്റെ ദു:ഖത്തിന് കാരണം എന്നറിഞ്ഞ കുമാരന്‍ മന്ത്രിമാരോട്കൂടി നദിക്കരയില്‍ എത്തി. സത്യവതിയോടും , അവളുടെ പിതാവിനോടും ദേവവ്രതന്‍ തന്റെ പിതാവിന്റെ ദു:ഖം മാറ്റുവാന്‍ സത്യവതി രാജ്ഞിയായി വരണം എന്ന് അപേക്ഷിച്ചു. സത്യവതിയ്ക്ക് രാജാവില്‍ ഉണ്ടാകുന്ന പുത്രനായിരിക്കും രാജ്യാവകാശി എന്നും ദേവവ്രതന്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇതിലൊന്നും തൃപ്തനാകാത്ത സത്യവതിയുടെ പിതാവ് ചോദിച്ചു.

"അല്ലയോ രാജകുമാരാ, അങ്ങയുടെ ഉറപ്പിനെ ഞങ്ങള്‍ അവിശ്വസിക്കുന്നില്ല, പക്ഷെ ഒരു കാലത്ത് അങ്ങയുടെ പുത്രന്മാര്‍, അധികാരത്തിനായി എന്റെ മകളുടെ സന്താനങ്ങളുമായി യുദ്ധം ഉണ്ടാകുകയാണെങ്കില്‍ എന്തു ചെയ്യും."
ഈ വാക്കുകള്‍ കേട്ട ദേവവ്രതന്‍ തല്‍ക്ഷണം "ജീവിതത്തിലൊരിക്കലും താന്‍ വിവാഹം കഴിക്കുകയില്ല" എന്ന് ശപഥം ചെയ്തു. അതികഠിനമായ ഈ ശപഥം കേട്ട് അകാശത്തുനിന്നും ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തുകയും , "ഭീഷ്മര്‍ ഭീഷ്മര്‍" എന്ന അശരീരി ഉണ്ടാകുകയും ചെയ്തു. അതിഭീഷ്മമായ ശപഥം ചെയ്തതിനാല്‍ അന്നുമുതല്‍ ദേവവ്രതന്‍, ഭീഷ്മര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. സത്യവതിയുമായി കൊട്ടാരത്തിലെത്തിയ ഭീഷ്മര്‍ക്ക്, വിവരങ്ങള്‍ അറിഞ്ഞ് പ്രസന്നനായ ശന്തനു മഹാരാജാവ്, "ഭീഷ്മര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ ശരീരം വിട്ട് പോകുകയുള്ളൂ" (സ്വച്ഛന്ദമൃത്യു) എന്ന വരം നല്‍കി അനുഗ്രഹിച്ചു.