8
ജൂലൈ

ഭീഷ്മ ശപഥം  

എഴുതിയതും വരച്ചതും Rakesh R (വേദവ്യാസൻ)

ഭീഷ്മര്‍ എന്ന പേര് ദേവവ്രതന് എങ്ങനെ കിട്ടി എന്ന് അറിയേണ്ടെ ?????
ഗംഗാദേവിയെ പിരിഞ്ഞ ശന്തനു മഹാരാജാവ് തന്റെ പുത്രനായ ദേവവ്രതനെ അമൂല്യനിധിപോലെ വളര്‍ത്തി. ദേവവ്രതനും അച്ഛനെ വളരെയധികം സ്നേഹിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു നാള്‍ ശന്തനു മഹാരാജാവ് നദിക്കരയില്‍ സത്യവതിയെ കാണുവാന്‍ ഇടയായി. അതിസുന്ദരിയായ സത്യവതിയെ അദ്ദേഹം ഭാര്യയാക്കാന്‍ ആഗ്രഹിക്കുകയും അവളോട് അതു വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തന്റെ പിതാവിന്റെ ആഗ്രഹമനുസരിച്ചു മാത്രമേ വിവാഹിതയാകുകയുള്ളു എന്ന് സത്യവതി രാജാവിനെ അറിയിച്ചു. സത്യവതിയുടെ പിതാവിനെ കണ്ട് രാജാവ് തന്റെ ആഗ്രഹം അറിയിച്ചപ്പോള്‍, തന്റെ മകള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് രാജ്യാവകാശം നല്കണം എന്ന് മുക്കുവ ശ്രേഷ്ഠന്‍(സത്യവതിയുടെ പിതാവ്) ആവശ്യപ്പെട്ടു. ദേവവ്രതനെ അന:ന്തരാവകാശിയായി കരുതിയിരുന്ന മഹാരാജാവ് ദു:ഖഭാരത്തോടെ കൊട്ടാരത്തില്‍ തിരിച്ചെത്തി.

പിതാവിന്റെ ചെറിയൊരു ഭാവമാറ്റവും മനസ്സിലാക്കിയിരുന്ന ദേവവ്രതന്‍, എന്താണ് ദു:ഖകാരണം എന്ന് രാജാവിനോടും എന്നാല്‍ മറുപടി കിട്ടാതെ, മന്ത്രിമാരോടും അന്വേഷിച്ചു. ഒരു മുക്കുവപെണ്‍കൊടിയാണ് രാജാവിന്റെ ദു:ഖത്തിന് കാരണം എന്നറിഞ്ഞ കുമാരന്‍ മന്ത്രിമാരോട്കൂടി നദിക്കരയില്‍ എത്തി. സത്യവതിയോടും , അവളുടെ പിതാവിനോടും ദേവവ്രതന്‍ തന്റെ പിതാവിന്റെ ദു:ഖം മാറ്റുവാന്‍ സത്യവതി രാജ്ഞിയായി വരണം എന്ന് അപേക്ഷിച്ചു. സത്യവതിയ്ക്ക് രാജാവില്‍ ഉണ്ടാകുന്ന പുത്രനായിരിക്കും രാജ്യാവകാശി എന്നും ദേവവ്രതന്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇതിലൊന്നും തൃപ്തനാകാത്ത സത്യവതിയുടെ പിതാവ് ചോദിച്ചു.

"അല്ലയോ രാജകുമാരാ, അങ്ങയുടെ ഉറപ്പിനെ ഞങ്ങള്‍ അവിശ്വസിക്കുന്നില്ല, പക്ഷെ ഒരു കാലത്ത് അങ്ങയുടെ പുത്രന്മാര്‍, അധികാരത്തിനായി എന്റെ മകളുടെ സന്താനങ്ങളുമായി യുദ്ധം ഉണ്ടാകുകയാണെങ്കില്‍ എന്തു ചെയ്യും."




ഈ വാക്കുകള്‍ കേട്ട ദേവവ്രതന്‍ തല്‍ക്ഷണം "ജീവിതത്തിലൊരിക്കലും താന്‍ വിവാഹം കഴിക്കുകയില്ല" എന്ന് ശപഥം ചെയ്തു. അതികഠിനമായ ഈ ശപഥം കേട്ട് അകാശത്തുനിന്നും ദേവഗണങ്ങള്‍ പുഷ്പവൃഷ്ടി നടത്തുകയും , "ഭീഷ്മര്‍ ഭീഷ്മര്‍" എന്ന അശരീരി ഉണ്ടാകുകയും ചെയ്തു. അതിഭീഷ്മമായ ശപഥം ചെയ്തതിനാല്‍ അന്നുമുതല്‍ ദേവവ്രതന്‍, ഭീഷ്മര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. സത്യവതിയുമായി കൊട്ടാരത്തിലെത്തിയ ഭീഷ്മര്‍ക്ക്, വിവരങ്ങള്‍ അറിഞ്ഞ് പ്രസന്നനായ ശന്തനു മഹാരാജാവ്, "ഭീഷ്മര്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ അദ്ദേഹത്തിന്റെ ജീവന്‍ ശരീരം വിട്ട് പോകുകയുള്ളൂ" (സ്വച്ഛന്ദമൃത്യു) എന്ന വരം നല്‍കി അനുഗ്രഹിച്ചു.

ഈ കഥ എഴുതിയത് 8 ജൂലൈ 2009 ബുധനാഴ്ച 4:09 PM ന് . ഈ കഥയ്ക്കുള്ള കമന്റുകള്‍ കമന്റ് ഫീഡ് വഴി നിങ്ങള്‍ക്ക് പിന്തുടരാം .

16 കമന്റുകള്‍

കള്ളക്കഥകളിലെ ഇത്തരം സന്ദര്‍ഭങ്ങള്‍ സത്യമാണെന്ന് അടിമത്വത്തില്‍ നിന്നും ഇനിയും മോചനം നേടിയിട്ടില്ലാത്ത ഭാരതീയന്‍ വിശ്വസിക്കുന്നു!
ശാസ്ത്രവും ചരിത്രവുമെല്ലാം പരീക്ഷ പാസാകാനുള്ള കാണാപ്പാഠങ്ങള്‍ മാത്രം !

സമയം : 8,ജൂലൈ 2009 at 6:35 PM

nalla post mashe....

mahabaratathile ettavum shakthanaaya kadhaapatrangalil onnu...bheeshmar.....
bheeshmare chuttippatti maathram ethra ethra upakadhakal

സമയം : 11,ജൂലൈ 2009 at 2:56 PM

@chithrakaran
ആമുഖത്തില്‍ ഞാന്‍ വ്യക്തമാക്കിയതുപോലെ വെറും കഥകളായി ഇവയെ കാണുക.

@spider
ഞാന്‍ മുടങ്ങാതെ വന്നു വായിക്കാറുണ്ട് കേട്ടോ :-)

@കണ്ണനുണ്ണി
നന്ദി, കഥകളുടെ ഒരു സൂചന തന്നാല്‍ അന്വേഷിച്ച് പോസ്റ്റാക്കാന്‍ ശ്രമിക്കാം.

സമയം : 11,ജൂലൈ 2009 at 4:01 PM

ചോക്കുമലയുടെ മുകളിൽ നിന്നു നമുക്കു ഒരു കഷ്ണം ചോക്കന്വേഷിച്ചു പോകാം. സ്വന്തം മണ്ണിന്റെ മഹത്വമറിയാൻ കടൽ കടന്നു യാത്ര ചെയ്യാം. കഥകൾ കഥകളായിരിക്കട്ടേ.

മനോഹരമായ പോസ്റ്റ്‌.
ആശം സകൾ

സമയം : 11,ജൂലൈ 2009 at 9:08 PM

:)

സമയം : 11,ജൂലൈ 2009 at 10:22 PM

മഹാഭാരതം പോലെ സുന്ദരമായ ഒരു ഇതിഹാസം നമുക്കുണ്ടായിട്ടും ഇന്നത്തെ തലമുറ‍ക്ക് അതു പറഞ്ഞുകൊടുക്കാന്‍ ആരുമില്ല എന്നതാണ്‌ നമ്മുടെ ശാപം.
ഒരു ചെറിയ അപേക്ഷയുണ്ട്. താഴെ പറയുന്ന കഥാപാത്രങ്ങളെ ഉള്‍കൊള്ളിക്കുമെങ്കില്‍ നന്ദി.

ഘടോല്‍കചന്‍
ഏകലവ്യന്‍

:)

സമയം : 13,ജൂലൈ 2009 at 1:10 PM

@വയനാടന്‍
നന്ദി :-)

@കൊട്ടോട്ടിക്കാരന്‍
എന്താണൊരു ചിരി :-)

@ഉഗ്രന്‍
അപേക്ഷയല്ല സുഹൃത്തേ... ഞാന്‍ പരമാവധി ശ്രമിച്ച് ഘടോല്‍കചന്‍, ഏകലവ്യന്‍ എന്നിവരെ കൊണ്ടുവന്ന് മുന്നില്‍ നിര്‍ത്തിത്തരാം പോരെ :-)

സമയം : 13,ജൂലൈ 2009 at 7:45 PM

ഹസ്തിനപുരത്തിന്റെ സിംഹാസനം സുരക്ഷിതമാണെന്ന് ഉറപ്പുവരും വരെ മരിക്കരുതെന്ന് ആവശ്യപ്പെടുക വഴി അതേ പിതാവു തന്നെ സ്വഛന്ദമായി ജീവിക്കാനുള്ള അവകാശം ഈ പുത്രനിൽ നിന്നും എടുത്തു കളഞ്ഞില്ലേ. പിതാവിനു കൊടുത്ത ഈ വാക്ക് മൂലമല്ലെ കുരുക്ഷേത്ര യുദ്ധത്തിന്റെ പത്താം ദിവസം അർജുനന്റെ അസ്ത്രങ്ങളേറ്റ് ശരശയ്യയിൽ കിടക്കുമ്പോഴും മരണം വരിക്കാൻ അദ്ദേഹത്തിന് സാധിക്കാതെ പോയത്. പിന്നെ യുദ്ധവും യുധിഷ്ഠിരന്റെ രാജ്യാഭിഷേകവും കഴിഞ്ഞ് മരണം വരിക്കുമ്പോഴേയ്ക്കും ശരീരം മുഴുവൻ പഴുത്ത് എത്ര ഭീകരമായ മരണം. എന്റെ അഭിപ്രായത്തിൽ അഛന്റെ ഈ അനുഗ്രഹം അദ്ദേഹത്തിനു ശാപം തന്നെയായി ഭവിച്ചു എന്നു വേണമെങ്കിൽ പറയാം. മറ്റൊരർത്ഥത്തിൽ കുരുവംശത്തിൽ പിന്നീടുണ്ടായ എല്ലാ കലാപങ്ങൾക്കും കാരണം ശന്തനുവിനു മത്സ്യഗന്ധിയോടുണ്ടായ മോഹവും അത് സാധ്യമാക്കാൻ ദേവവ്രതൻ എടുത്ത ശപഥവും ആണെന്നതാണ്.

സമയം : 18,ഓഗസ്റ്റ് 2009 at 10:15 AM

@MANIKANDAN [ മണികണ്ഠന്‍‌ ] :
വളരെ വ്യത്യസ്തമായ ചിന്ത, ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

"ഹസ്തിനപുരത്തിന്റെ സിംഹാസനം സുരക്ഷിതമാണെന്ന് ഉറപ്പുവരും വരെ മരിക്കരുതെന്ന് ആവശ്യപ്പെടുക വഴി അതേ പിതാവു തന്നെ സ്വഛന്ദമായി ജീവിക്കാനുള്ള അവകാശം ഈ പുത്രനില്‍ നിന്നും എടുത്തു കളഞ്ഞില്ലേ"

ഇല്ല തന്റെ പുത്രന്‍ എത്രമാത്രം വീരനും ധര്‍മ്മിഷ്ടനും ആണെന്നറിയാവുന്ന ആ പിതാവ്, സ്വന്തം തലമുറയുടെ സംരക്ഷണം ഏല്‍പ്പിയ്ക്കുക വഴി ഭീഷ്മരുടെ യശസ്സ് വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്തത്.

"ശരീരം മുഴുവന്‍ പഴുത്ത് എത്ര ഭീകരമായ മരണം."

പുരാണങ്ങളിലെ സങ്കല്‍പ്പമനുസരിച്ച്, ഗംഗാദേവിയുടെ സ്പര്‍ശ്ശമേല്‍ക്കുന്ന ഏതൊരാളിന്റെയും ശരീരവും മനസ്സും ശുദ്ധീകരിയ്ക്കപ്പെടും എന്നാണല്ലോ, അപ്പോള്‍ ഗംഗാതനയനായ ഭീഷ്മരുടെ കാര്യം പറയണോ ?? മാത്രമല്ല, ശരശയ്യയില്‍ അദ്ദേഹം അര്‍ജ്ജുനനെക്കൊണ്ട് ഭൂമിയിലേയ്ക്ക് അമ്പെയ്ത്, ഗംഗാജലം കുടിയ്ക്കുന്ന രംഗവുമുണ്ട്.

"കുരുവംശത്തില്‍ പിന്നീടുണ്ടായ എല്ലാ കലാപങ്ങള്‍ക്കും കാരണം ശന്തനുവിനു മത്സ്യഗന്ധിയോടുണ്ടായ മോഹവും അത് സാധ്യമാക്കാന്‍ ദേവവ്രതന്‍ എടുത്ത ശപഥവും ആണെന്നതാണ്."

ഇതിനോടും എനിയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഒരിയ്ക്കലും യുദ്ധം ഭീഷ്മരുമായി ബന്ധമുള്ളതായിരുന്നില്ല, പാണ്ഡവരും കൌരവരും ശന്തനു-മത്സ്യഗന്ധി കുലത്തിന്റെ പിന്‍തലമുറക്കാരാണ്

വിയോജിപ്പുള്ളവര്‍ രേഖപ്പെടുത്തുക :)

സമയം : 19,ഓഗസ്റ്റ് 2009 at 4:46 PM

ഭീഷ്മരുടെ ധർമ്മനിഷ്ഠയിലും ശൗര്യത്തിലും പിതാവായ ശന്തനുവിനു തെല്ലും സംശയം ഉണ്ടായിരുന്നതായി ഞാനും കരുതുന്നില്ല. അതുകൊണ്ട്‌തന്നെയാണ് ചിത്രാംഗദനും വിചത്രവീര്യനും കാര്യപ്രാപ്തി‌എത്തുന്നതു വരെ ഹസ്തിനപുരത്തിന്റെ മേൽ‌നോട്ടവും പുത്രന്മാരുടെ സംരക്ഷണവും മരണസമയത്ത് അദ്ദേഹം ഭീഷ്മരെ ഏല്‍പ്പിക്കുന്നത്. എന്നാൽ പിതാവിനുകൊടുത്ത വാക്ക് പാലിക്കുന്നതിന് അദ്ദേഹം എത്രമാത്രം വിഷമിക്കുന്നു എന്നത് നമുക്ക് മഹാഭാരതകഥയിൽ കാണാവുന്നതാണ്. ദ്രോണാചാര്യരോടും. വിദുരരോടും തന്റെ നിസ്സഹായാവസ്ഥയും, വിവശതയും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഗംഗയ്ക്ക് ബ്രഹ്മാവിൽ നിന്നും ലഭിച്ച വരവും അതുതന്നെ. എന്നാൽ ശരശയ്യയിൽ കഴിയുന്ന ഭീഷ്മരുടെ വേദനകൾ മഹാഭാരതം നമുക്ക് പറഞ്ഞുതരുന്നില്ലെ. യുദ്ധാനന്തരം യുധിഷ്ഠിരന്റെ രാജ്യാഭിഷേകം കഴിഞ്ഞ് ദ്വാരകയിലേയ്ക്ക് മടങ്ങാൻ തുടങ്ങുന്ന ശ്രീകൃഷ്ണനോട് രാജ്യഭരണത്തെക്കുറിച്ച് ഉപദേശിക്കാൻ യുധിഷ്ഠിരൻ ആവശ്യപ്പെടുന്നു. തന്നെക്കാൾ ഇതുപദേശിക്കാൻ യോഗ്യൻ ഭീഷ്മരാണെന്നും അദ്ദേഹത്തെപോയികണ്ട് സംശയങ്ങൾ തീർക്കാനും ശ്രീകൃഷ്ണൻ യുധിഷ്ഠിരനോട് നിർദ്ദേശിക്കുന്നു. തന്റെ സമീപം ഈ ആവശ്യവുമായി എത്തുന്ന പാണ്ഡവരോടും കൃഷ്ണനോടും തന്റെ വേദനകളെപ്പറ്റി ഭീഷ്മർ വർണ്ണിക്കുന്നില്ലെ? ഒരു പക്ഷേ ഈ പീഢകൾ എല്ലാം മുജഃന്മത്തിൽ ദ്യോവ് വസിഷ്ഠനോട് ചെയ്തതെറ്റിന്റെ ശിക്ഷയായിരിക്കാം.

ദേവവ്രതൻ രാജ്യഭാരം ഏറ്റിരുന്നെങ്കിൽ ഒരു പക്ഷേ ഈ തർക്കങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. എങ്കിൽ മഹാഭാരതവും ഉണ്ടാവുമായിരുന്നില്ല! പുത്രന്മാർ ഇല്ലാതെ ചിത്രാംഗദനും വിചിത്രവീര്യനും മരിച്ചിട്ടും സ്വയം രജ്യഭാരം ഏറ്റെടുക്കാൻ ഭീഷ്മർക്ക് കഴിയാതെ പോയത് സത്യവതിയെ സ്വന്തം പിതാവായ ശന്തനുവിന്റെ ഭാര്യയാക്കാൻ സത്യവതിയുടെ വളർത്തച്ഛനോട് ദേവവ്രതൻ നടത്തിയ ശപഥം മൂലമല്ലെ. അംബികയ്ക്കും അംബാലികയ്ക്കും പിന്നീട് വ്യാസനിൽ ഉണ്ടായ പുത്രന്മാരുടെ പുത്രന്മാർ തമ്മിൽ അധികാരത്തിനുവേണ്ടി വടവലി നടത്തുമ്പോൾ മനഃസാക്ഷി അനുവദിക്കാഞ്ഞിട്ടും പിതാവിനുകൊടുത്ത വാ‍ക്ക് പാലിക്കൻ‌വേണ്ടി മാത്രമല്ലേ ഭീഷ്മർ കൗരവർക്കൊപ്പം യുദ്ധഭൂമിയിൽ എത്തുന്നത്.

ഒരു പക്ഷേ മഹാഭാരതത്തെ ഞാൻ കാണുന്നതിന്റെ കുഴപ്പമാകാം ഇതെല്ലാം.

സമയം : 20,ഓഗസ്റ്റ് 2009 at 12:49 AM

@MANIKANDAN [ മണികണ്ഠന്‍‌ ]

ഞാന്‍ താങ്കളുടെ വാദത്തോട് പൂര്‍ണ്ണമായും യോജിയ്ക്കുന്നു. ഒരു പക്ഷെ കന്യകളായ അംബ, അംബിക അംബാലികമാരോട് ചെയ്ത തെറ്റിന്റെ ഫലവുമാകാം ആ മരണം ....

സമയം : 28,ഓഗസ്റ്റ് 2009 at 7:24 PM

ഒരിയ്ക്കലും യുദ്ധം ഭീഷ്മരുമായി ബന്ധമുള്ളതായിരുന്നില്ല,എന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.
കാശിയില്‍ ഒരു യുദ്ധം ജയിച്ചാണല്ലോ, ഭീഷ്മര്‍, വിചിത്രവീര്യനു അംബ,അംബിക,അമ്പാലിക എന്ന മൂന്നു രാജകുമാരികളെ നേടിയത്. അംബ അദ്ദേഹത്തിന്‍റെ മരണകാരണമായതും കഥ തന്നെ.
ആശംസകള്‍.

സമയം : 6,ഒക്ടോബര്‍ 2009 at 4:32 PM

@വേണു :
കാശിയിലെ യുദ്ധത്തെക്കുറിച്ചല്ല ചേട്ടാ ഞാന്‍ സൂചിപ്പിച്ചത് , മറിച്ച് മഹാഭാരത യുദ്ധത്തെയാണ് :)

സമയം : 7,ഒക്ടോബര്‍ 2009 at 11:46 PM

"കുരുവംശത്തില്‍ പിന്നീടുണ്ടായ എല്ലാ കലാപങ്ങള്‍ക്കും കാരണം ശന്തനുവിനു മത്സ്യഗന്ധിയോടുണ്ടായ മോഹവും അത് സാധ്യമാക്കാന്‍ ദേവവ്രതന്‍ എടുത്ത ശപഥവും ആണെന്നതാണ്."

ഇതിനോടും എനിയ്ക്ക് യോജിക്കാന്‍ കഴിയുന്നില്ല. ഒരിയ്ക്കലും യുദ്ധം ഭീഷ്മരുമായി ബന്ധമുള്ളതായിരുന്നില്ല, പാണ്ഡവരും കൌരവരും ശന്തനു-മത്സ്യഗന്ധി കുലത്തിന്റെ പിന്‍തലമുറക്കാരാണ്
I noted this sentence, and my response was for that sentence.
ഒരിയ്ക്കലും യുദ്ധം ഭീഷ്മരുമായി ബന്ധമുള്ളതായിരുന്നില്ല,
Dont take it serious, carry on, expecting next.:)

സമയം : 7,ഒക്ടോബര്‍ 2009 at 11:52 PM

@വേണു :
മനസ്സിലാക്കുന്നു :)
അടുത്തത് കഴിവതും വേഗം കൊണ്ടുവരാം :)

സമയം : 8,ഒക്ടോബര്‍ 2009 at 12:06 AM

:)

സമയം : 17,ജൂലൈ 2010 at 2:47 PM

അഭിപ്രായങ്ങള്‍