ദേവവ്രതന്‍ എന്ന പേരു കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. എന്നാല്‍ ഭീഷ്മര്‍ എന്നു കേട്ടാലോ ? ...
മഹാഭാരത ചരിത്രത്തില്‍ മഹത്തായ സ്ഥാനമാണ് ഭീഷ്മപിതാമഹനുള്ളത്. മഹാഭാരത കഥ തുടങ്ങുവാന്‍ ഭീഷ്മരെയും അദ്ദേഹത്തിന്റെ അച്ഛന്‍ ശന്തനു മഹാരാജാവിനെക്കുറിച്ചും പറയണം.
ഒരു നാള്‍ അഷ്ടവസുക്കള്‍ അവരുടെ ഭാര്യമാര്‍ക്കൊപ്പം വസിഷ്ഠ മഹര്‍ഷിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അവിടെ ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന നന്ദിനി പശുവിനെ കണ്ട അവരില്‍ ഒരാളുടെ ഭാര്യ , തന്റെ ഭര്‍ത്താവിനോട് നന്ദിനിയെ മോഷ്ടിക്കാന്‍ പറഞ്ഞു. മറ്റുള്ള വസുക്കള്‍ മോഷണത്തിന് സഹായിക്കുകയും ചെയ്തു. ഇതറിഞ്ഞ മഹര്‍ഷി, വസുക്കളെല്ലാരും മനുഷ്യജന്മം പ്രാപിക്കട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ചപ്പോള്‍ മോഷണം നടത്തിയ ഒരാളൊഴികെ മറ്റുള്ള ഏഴു പേര്‍ക്കും ജനിച്ച ഉടനെ മരണമടഞ്ഞ് തിരികെ വസുക്കളായി മാറും എന്നു മോക്ഷം നല്‍കി. മോഷ്ടാവായ വസു ശാപമോക്ഷത്തിനായി കേണപേക്ഷിച്ചിട്ടും മുനിയുടെ മനസ്സലിഞ്ഞില്ല. അവസാനം മനുഷ്യകുലത്തില്‍ ഉത്തമമായ ഒരു സ്ഥാനം ഉണ്ടാകട്ടെ എന്നനുഗ്രഹിച്ച് വസിഷ്ഠമഹര്‍ഷി മറഞ്ഞു.ദു:ഖാര്‍ത്തരായ അഷ്ഠവസുക്കള്‍ ഗംഗാദേവിയെ കണ്ട് തങ്ങളുടെ അമ്മയായി ശാപമോക്ഷത്തിനു സഹായിക്കണം എന്ന് അപേക്ഷിച്ചു. ഗംഗാദേവി അതിനു സമ്മതിക്കുകയും ശന്തനു മഹാരാജാവ് നായാട്ടിനായി കാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഹസ്തിനപുരിയിലെ രാജാവായിരുന്നു ശന്തനു. അദ്ദേഹം ഭരതവംശത്തിപ്പെട്ടയാളും ധര്‍മ്മിഷ്ഠനുമായിരുന്നു. നായാട്ടിനെത്തിയ അദ്ദേഹം ഗംഗാദേവിയെ കണ്ടപ്പോള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഗംഗാദേവി അദ്ദേഹത്തിന്റെ ഭാര്യയാകുന്നതിനായി ഒരു നിബന്ധന വച്ചു. താന്‍ എന്തു ചെയ്താലും ആ പ്രവര്‍ത്തിയെ രാജാവ് എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു നിബന്ധന. വളരെ ലഘുവായ ഈ നിബന്ധന ശന്തനു മഹാരാജന്‍ സസന്തോഷം സ്വീകരിച്ച് ദേവീസമേതം കൊട്ടാരത്തിലെത്തി.അഷ്ടവസുക്കള്‍ യഥാക്രമം അവര്‍ക്ക് പുത്രന്മാരായി ജനിച്ചുകൊണ്ടിരുന്നു. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഓരോരുത്തരെയും ഗംഗാദേവി നദിയിലേയ്ക്ക് എറിഞ്ഞ് ശാപമോക്ഷം കൊടുത്തു. ദേവിയുടെ വിചിത്രമായ പെരുമാറ്റം രാജാവിനെ ദു:ഖിതനാക്കിയെങ്കിലും നിബന്ധനയോര്‍ത്ത് അദ്ദേഹം മൌനം പാലിച്ചു.
എന്നാല്‍ എട്ടാമത്തെ കുഞ്ഞിനേയും നദിയിലെറിയാന്‍ തുടങ്ങിയ ഗംഗാദേവിയെ ശന്തനു തടഞ്ഞു. തന്റെ നിബന്ധന തെറ്റിച്ചു എന്ന കാരണം പറഞ്ഞ് ഗംഗാദേവി രാജാവിനെ വിട്ട് യാത്രയായി. ഗംഗാദേവി നല്‍കിയ കുഞ്ഞിനെ അദ്ദേഹം ദേവവ്രതന്‍ എന്നു നാമകരണം ചെയ്തു. അങ്ങനെ ദേവവ്രതന്‍ എന്ന ഗംഗാദത്തന്‍ ഹസ്തിനപുരിയില്‍ യുവരാജാവായി ജീവിതം ആരംഭിച്ചു.
ദേവവ്രതന്‍ എങ്ങനെ ഭീഷ്മര്‍ ആയി എന്ന കഥ അടുത്തതായി വിവരിക്കാം.
ആകെപ്പാടെ എന്തോ പോലെ. ഒരാവേശത്തിന് മഹാഭാരതം ഇപ്പൊ എഴുതിക്കളയും എന്നൊക്കെ മൊട പറഞ്ഞിറങ്ങിയതാ. എന്നിട്ടെന്താ ഒരു കഥയെങ്കിലും പോസ്റ്റാന്‍ പറ്റിയാ. ഇല്ല . എനിക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം. ഇതിപ്പൊ പണ്ടാരോ പറഞ്ഞപോലെ ആവേശമൊക്കെ ചാരത്തില്‍ വെള്ളം ഒഴിച്ച പോലെ ....ശൂം ശൂം........ എന്ന അവസ്ഥയായി.
മഹാഭാരതം എന്നു കേള്‍ക്കുമ്പൊ പാണ്ഡവര്‍, കൌരവര്‍ യുദ്ധം..... തീര്‍ന്നു. കേള്‍ക്കുന്നവര്‍ക്ക് അത്രെ ഉള്ളു. എന്നാല്‍ നമ്മള്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അത് എഴുതിയ ആളിനെക്കുറിച്ചു കൂടി പറയുന്നതല്ലേ മാന്യത. പ്രത്യേകിച്ച് അതിബൃഹത്തായ മഹാഭാരതമാകുമ്പോള്‍, വേദ വ്യാസ മഹര്‍ഷിയെ എന്തായാലും അറിഞ്ഞിരിക്കണം.
വേദ വ്യാസന്‍ - വേദങ്ങളെ പകുത്തവന്‍(വിഭജിച്ചവന്‍)
മുക്കുവ പെണ്‍കൊടിയായ സത്യവതി അതിസുന്ദരിയായിരുന്നു. ശരീരത്തിനുണ്ടായിരുന്ന മത്സ്യഗന്ധം അവള്‍ക്ക് മത്സ്യഗന്ധി എന്ന പേരും സമ്മാനിച്ചു. വഞ്ചി തുഴഞ്ഞ് യാത്രക്കാരെ അക്കരെ ഇക്കരെ എത്തിക്കുക എന്നതായിരുന്നു സത്യവതിയുടെ ജോലി. അങ്ങനെയിരിക്കെ ഒരു ദിവസം പരാശര മഹര്‍ഷി സത്യവതിയുടെ തോണിയില്‍ യാത്ര ചെയ്യുവാന്‍ ഇടയായി. സത്യവതിയില്‍ അനുരാഗവിവശനായ മുനിയില്‍ അവള്‍ക്ക് അവിടെ ഒരു കുഞ്ഞ് ജനിച്ചു. ജനിച്ച ഉടനെ വളര്‍ന്ന് പൂര്‍ണ മനുഷ്യനായ മകന്‍ അമ്മയുടെ അനുവാദത്തോടെ തപസ്സ് ചെയ്യുവാന്‍ പുറപ്പെട്ടു. ആ കുഞ്ഞാണ് മഹാഭാരത സൃഷ്ടാവ് വേദ വ്യാസന്‍. കൃഷ്ണ വര്‍ണത്തോടെ ദ്വീപില്‍ ജനിച്ചവനാകയാല്‍, മാതാപിതാക്കള്‍ അവനെ കൃഷ്ണദ്വൈപായനന്‍ എന്നു വിളിച്ചു. പരാശര മഹര്‍ഷി സത്യവതിയുടെ മത്സ്യഗന്ധം മാറ്റി അവള്‍ക്ക് ചെമ്പകപ്പൂവിന്‍ (കസ്തൂരി വാസനെയെന്നും പറയപ്പെടുന്നു)വാസന നല്‍കി.
ചിരഞ്ജീവികളില്‍ ഒരാളായ വ്യാസ മഹര്‍ഷി. മഹാഭാരത രചയിതാവ് മാത്രമല്ല. ആ ഇതിഹാസത്തിലെ സുപ്രധാന കഥാപാത്രവുമാണ്. ഭാരതകഥയിലുടനീളം ഒരു ഗുരുവര്യനായി അദ്ദേഹത്തെ നമുക്ക് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ പാണ്ഡവ കൌരവ വംശത്തിന് പിതാമഹനും വ്യാസ മഹര്‍ഷിയാകുന്നു. ആ കഥ പിന്നീട് വിവരിക്കാം.
ജനിച്ച ഉടനെ തപസ്സ് ചെയ്യുവാന്‍ പുറപ്പെട്ട വ്യാസ മഹര്‍ഷി സരസ്വതീ നദിക്കരയില്‍ ആശ്രമം സ്ഥാപിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുമായി കളിച്ചുരസിക്കുന്ന കുരുവി കുഞ്ഞുങ്ങളെ കണ്ട് അദ്ദേഹം തനിക്ക് ഒരു പുത്രനോ പുത്രിയോ ഇല്ലല്ലോ എന്നാലോചിച്ച് വളരെ ദു:ഖിതനായി. ആ സമയം അവിടെയെത്തിയ നാരദ മഹര്‍ഷി ദേവിപ്രസാദത്തിനായി തപസ്സ് ചെയ്യുവാന്‍ ഉപദേശിച്ചു. ആ തപസ്സ് മുടക്കുവാനായി അപ്സരസ്സുകളില്‍ ഒരുവള്‍ ഒരു പഞ്ചവര്‍ണ്ണക്കിളിയായി അതുവഴി പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് അദ്ദേഹം പുത്രനു ശുകന്‍ എന്നു നാമകരണം ചെയ്തു. വിവാഹിതനായ ശുകന്‍ പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. അവിടെയെത്തിയ വ്യാസനില്‍ നിന്നുമാണ് പാണ്ഡവ കൌരവ പിതാക്കന്മാരായ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും പിന്നെ വിദുരരുടെയും ജനനം. ആ കഥ വഴിയെ വിവരിക്കാം.
കഥകളും ഉപകഥകളും ചേര്‍ന്നുണ്ടായ മഹാഭാരത സാഗരത്തില്‍ നിന്നും ഒരു കൈക്കുമ്പിള്‍ നിറയെ കോരിയെടുക്കാന്‍, കൂട്ടുകാരുമായി പങ്കുവെയ്ക്കാന്‍ ഒരിടം...................
അതാണ് ധര്‍മ്മയുദ്ധം
എനിക്കറിയാവുന്നതും കൂട്ടുകാരില്‍ നിന്ന് അറിഞ്ഞതുമായ കഥകള്‍. തെറ്റുകുറ്റങ്ങള്‍ തിരുത്തി മുന്‍പോട്ട് പോകാന്‍ കൂടെ വരൂ കൂട്ടരേ....................