30
ജൂണ്‍

ദേവവ്രതന്‍  

എഴുതിയതും വരച്ചതും Rakesh R (വേദവ്യാസൻ)

ദേവവ്രതന്‍ എന്ന പേരു കേട്ടാല്‍ ആര്‍ക്കും പെട്ടെന്ന് മനസ്സിലായി എന്നു വരില്ല. എന്നാല്‍ ഭീഷ്മര്‍ എന്നു കേട്ടാലോ ? ...
മഹാഭാരത ചരിത്രത്തില്‍ മഹത്തായ സ്ഥാനമാണ് ഭീഷ്മപിതാമഹനുള്ളത്. മഹാഭാരത കഥ തുടങ്ങുവാന്‍ ഭീഷ്മരെയും അദ്ദേഹത്തിന്റെ അച്ഛന്‍ ശന്തനു മഹാരാജാവിനെക്കുറിച്ചും പറയണം.

ഒരു നാള്‍ അഷ്ടവസുക്കള്‍ അവരുടെ ഭാര്യമാര്‍ക്കൊപ്പം വസിഷ്ഠ മഹര്‍ഷിയെ സന്ദര്‍ശിച്ചു. അപ്പോള്‍ അവിടെ ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന നന്ദിനി പശുവിനെ കണ്ട അവരില്‍ ഒരാളുടെ ഭാര്യ , തന്റെ ഭര്‍ത്താവിനോട് നന്ദിനിയെ മോഷ്ടിക്കാന്‍ പറഞ്ഞു. മറ്റുള്ള വസുക്കള്‍ മോഷണത്തിന് സഹായിക്കുകയും ചെയ്തു. ഇതറിഞ്ഞ മഹര്‍ഷി, വസുക്കളെല്ലാരും മനുഷ്യജന്മം പ്രാപിക്കട്ടെ എന്നു ശപിച്ചു. ശാപമോക്ഷത്തിനായി യാചിച്ചപ്പോള്‍ മോഷണം നടത്തിയ ഒരാളൊഴികെ മറ്റുള്ള ഏഴു പേര്‍ക്കും ജനിച്ച ഉടനെ മരണമടഞ്ഞ് തിരികെ വസുക്കളായി മാറും എന്നു മോക്ഷം നല്‍കി. മോഷ്ടാവായ വസു ശാപമോക്ഷത്തിനായി കേണപേക്ഷിച്ചിട്ടും മുനിയുടെ മനസ്സലിഞ്ഞില്ല. അവസാനം മനുഷ്യകുലത്തില്‍ ഉത്തമമായ ഒരു സ്ഥാനം ഉണ്ടാകട്ടെ എന്നനുഗ്രഹിച്ച് വസിഷ്ഠമഹര്‍ഷി മറഞ്ഞു.ദു:ഖാര്‍ത്തരായ അഷ്ഠവസുക്കള്‍ ഗംഗാദേവിയെ കണ്ട് തങ്ങളുടെ അമ്മയായി ശാപമോക്ഷത്തിനു സഹായിക്കണം എന്ന് അപേക്ഷിച്ചു. ഗംഗാദേവി അതിനു സമ്മതിക്കുകയും ശന്തനു മഹാരാജാവ് നായാട്ടിനായി കാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.



ഹസ്തിനപുരിയിലെ രാജാവായിരുന്നു ശന്തനു. അദ്ദേഹം ഭരതവംശത്തിപ്പെട്ടയാളും ധര്‍മ്മിഷ്ഠനുമായിരുന്നു. നായാട്ടിനെത്തിയ അദ്ദേഹം ഗംഗാദേവിയെ കണ്ടപ്പോള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഗംഗാദേവി അദ്ദേഹത്തിന്റെ ഭാര്യയാകുന്നതിനായി ഒരു നിബന്ധന വച്ചു. താന്‍ എന്തു ചെയ്താലും ആ പ്രവര്‍ത്തിയെ രാജാവ് എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു നിബന്ധന. വളരെ ലഘുവായ ഈ നിബന്ധന ശന്തനു മഹാരാജന്‍ സസന്തോഷം സ്വീകരിച്ച് ദേവീസമേതം കൊട്ടാരത്തിലെത്തി.അഷ്ടവസുക്കള്‍ യഥാക്രമം അവര്‍ക്ക് പുത്രന്മാരായി ജനിച്ചുകൊണ്ടിരുന്നു. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ ഓരോരുത്തരെയും ഗംഗാദേവി നദിയിലേയ്ക്ക് എറിഞ്ഞ് ശാപമോക്ഷം കൊടുത്തു. ദേവിയുടെ വിചിത്രമായ പെരുമാറ്റം രാജാവിനെ ദു:ഖിതനാക്കിയെങ്കിലും നിബന്ധനയോര്‍ത്ത് അദ്ദേഹം മൌനം പാലിച്ചു.
എന്നാല്‍ എട്ടാമത്തെ കുഞ്ഞിനേയും നദിയിലെറിയാന്‍ തുടങ്ങിയ ഗംഗാദേവിയെ ശന്തനു തടഞ്ഞു. തന്റെ നിബന്ധന തെറ്റിച്ചു എന്ന കാരണം പറഞ്ഞ് ഗംഗാദേവി രാജാവിനെ വിട്ട് യാത്രയായി. ഗംഗാദേവി നല്‍കിയ കുഞ്ഞിനെ അദ്ദേഹം ദേവവ്രതന്‍ എന്നു നാമകരണം ചെയ്തു. അങ്ങനെ ദേവവ്രതന്‍ എന്ന ഗംഗാദത്തന്‍ ഹസ്തിനപുരിയില്‍ യുവരാജാവായി ജീവിതം ആരംഭിച്ചു.

ദേവവ്രതന്‍ എങ്ങനെ ഭീഷ്മര്‍ ആയി എന്ന കഥ അടുത്തതായി വിവരിക്കാം.

ഈ കഥ എഴുതിയത് 30 ജൂണ്‍ 2009 ചൊവ്വാഴ്ച 1:28 AM ന് . ഈ കഥയ്ക്കുള്ള കമന്റുകള്‍ കമന്റ് ഫീഡ് വഴി നിങ്ങള്‍ക്ക് പിന്തുടരാം .

5 കമന്റുകള്‍

തുടരൂ

സമയം : 2,ജൂലൈ 2009 at 9:03 AM
Anonymous  

മം.. കൊള്ളാം..
വേര്‍ഡ്‌ വേരിഫിക്കേഷന്‍ എടുത്തു കളയൂ.. :)

സമയം : 3,ജൂലൈ 2009 at 12:22 AM

ഭീഷ്മരുടെ കഥ തുടരട്ടെ.

സമയം : 4,ജൂലൈ 2009 at 5:58 PM

പുരാണകഥകൾ എത്രകേട്ടാലും മതിവരികയില്ല.കൊച്ചു കൊച്ചുകഥകൾ
ലളിതമധുരമായി അവതരിപ്പിക്കുംന്ന ഈ ഉദ്യമത്തിന് ഭാവുകങൾ..

സമയം : 4,ജൂലൈ 2009 at 9:24 PM

എല്ലാവര്‍ക്കും നന്ദി....

സമയം : 4,ജൂലൈ 2009 at 11:31 PM

അഭിപ്രായങ്ങള്‍