വേദ വ്യാസന്‍  

എഴുതിയതും വരച്ചതും Rakesh R (വേദവ്യാസൻ)

ആകെപ്പാടെ എന്തോ പോലെ. ഒരാവേശത്തിന് മഹാഭാരതം ഇപ്പൊ എഴുതിക്കളയും എന്നൊക്കെ മൊട പറഞ്ഞിറങ്ങിയതാ. എന്നിട്ടെന്താ ഒരു കഥയെങ്കിലും പോസ്റ്റാന്‍ പറ്റിയാ. ഇല്ല . എനിക്ക് ഇതല്ല ഇതിനപ്പുറം കിട്ടണം. ഇതിപ്പൊ പണ്ടാരോ പറഞ്ഞപോലെ ആവേശമൊക്കെ ചാരത്തില്‍ വെള്ളം ഒഴിച്ച പോലെ ....ശൂം ശൂം........ എന്ന അവസ്ഥയായി.

മഹാഭാരതം എന്നു കേള്‍ക്കുമ്പൊ പാണ്ഡവര്‍, കൌരവര്‍ യുദ്ധം..... തീര്‍ന്നു. കേള്‍ക്കുന്നവര്‍ക്ക് അത്രെ ഉള്ളു. എന്നാല്‍ നമ്മള്‍ ഒരു കഥ കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അത് എഴുതിയ ആളിനെക്കുറിച്ചു കൂടി പറയുന്നതല്ലേ മാന്യത. പ്രത്യേകിച്ച് അതിബൃഹത്തായ മഹാഭാരതമാകുമ്പോള്‍, വേദ വ്യാസ മഹര്‍ഷിയെ എന്തായാലും അറിഞ്ഞിരിക്കണം.

വേദ വ്യാസന്‍ - വേദങ്ങളെ പകുത്തവന്‍(വിഭജിച്ചവന്‍)



മുക്കുവ പെണ്‍കൊടിയായ സത്യവതി അതിസുന്ദരിയായിരുന്നു. ശരീരത്തിനുണ്ടായിരുന്ന മത്സ്യഗന്ധം അവള്‍ക്ക് മത്സ്യഗന്ധി എന്ന പേരും സമ്മാനിച്ചു. വഞ്ചി തുഴഞ്ഞ് യാത്രക്കാരെ അക്കരെ ഇക്കരെ എത്തിക്കുക എന്നതായിരുന്നു സത്യവതിയുടെ ജോലി. അങ്ങനെയിരിക്കെ ഒരു ദിവസം പരാശര മഹര്‍ഷി സത്യവതിയുടെ തോണിയില്‍ യാത്ര ചെയ്യുവാന്‍ ഇടയായി. സത്യവതിയില്‍ അനുരാഗവിവശനായ മുനിയില്‍ അവള്‍ക്ക് അവിടെ ഒരു കുഞ്ഞ് ജനിച്ചു. ജനിച്ച ഉടനെ വളര്‍ന്ന് പൂര്‍ണ മനുഷ്യനായ മകന്‍ അമ്മയുടെ അനുവാദത്തോടെ തപസ്സ് ചെയ്യുവാന്‍ പുറപ്പെട്ടു. ആ കുഞ്ഞാണ് മഹാഭാരത സൃഷ്ടാവ് വേദ വ്യാസന്‍. കൃഷ്ണ വര്‍ണത്തോടെ ദ്വീപില്‍ ജനിച്ചവനാകയാല്‍, മാതാപിതാക്കള്‍ അവനെ കൃഷ്ണദ്വൈപായനന്‍ എന്നു വിളിച്ചു. പരാശര മഹര്‍ഷി സത്യവതിയുടെ മത്സ്യഗന്ധം മാറ്റി അവള്‍ക്ക് ചെമ്പകപ്പൂവിന്‍ (കസ്തൂരി വാസനെയെന്നും പറയപ്പെടുന്നു)വാസന നല്‍കി.
ചിരഞ്ജീവികളില്‍ ഒരാളായ വ്യാസ മഹര്‍ഷി. മഹാഭാരത രചയിതാവ് മാത്രമല്ല. ആ ഇതിഹാസത്തിലെ സുപ്രധാന കഥാപാത്രവുമാണ്. ഭാരതകഥയിലുടനീളം ഒരു ഗുരുവര്യനായി അദ്ദേഹത്തെ നമുക്ക് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ പാണ്ഡവ കൌരവ വംശത്തിന് പിതാമഹനും വ്യാസ മഹര്‍ഷിയാകുന്നു. ആ കഥ പിന്നീട് വിവരിക്കാം.
ജനിച്ച ഉടനെ തപസ്സ് ചെയ്യുവാന്‍ പുറപ്പെട്ട വ്യാസ മഹര്‍ഷി സരസ്വതീ നദിക്കരയില്‍ ആശ്രമം സ്ഥാപിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മാതാപിതാക്കളുമായി കളിച്ചുരസിക്കുന്ന കുരുവി കുഞ്ഞുങ്ങളെ കണ്ട് അദ്ദേഹം തനിക്ക് ഒരു പുത്രനോ പുത്രിയോ ഇല്ലല്ലോ എന്നാലോചിച്ച് വളരെ ദു:ഖിതനായി. ആ സമയം അവിടെയെത്തിയ നാരദ മഹര്‍ഷി ദേവിപ്രസാദത്തിനായി തപസ്സ് ചെയ്യുവാന്‍ ഉപദേശിച്ചു. ആ തപസ്സ് മുടക്കുവാനായി അപ്സരസ്സുകളില്‍ ഒരുവള്‍ ഒരു പഞ്ചവര്‍ണ്ണക്കിളിയായി അതുവഴി പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ മഹര്‍‌ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്‍‌നിന്നും ഒരു പുത്രന്‍ ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള്‍ ഉണ്ടായ പുത്രന്‍ എന്ന നിലയ്ക്ക് അദ്ദേഹം പുത്രനു ശുകന്‍ എന്നു നാമകരണം ചെയ്തു. വിവാഹിതനായ ശുകന്‍ പിതാവിനേയും കുടും‌ബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു.മനോവിഷമത്താല്‍ അവശനായ വ്യാസന്‍ ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. അവിടെയെത്തിയ വ്യാസനില്‍ നിന്നുമാണ് പാണ്ഡവ കൌരവ പിതാക്കന്മാരായ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടെയും പിന്നെ വിദുരരുടെയും ജനനം. ആ കഥ വഴിയെ വിവരിക്കാം.

ഈ കഥ എഴുതിയത് 11:19 AM ന് . ഈ കഥയ്ക്കുള്ള കമന്റുകള്‍ കമന്റ് ഫീഡ് വഴി നിങ്ങള്‍ക്ക് പിന്തുടരാം .

4 കമന്റുകള്‍

kollam... adutha bhagam udan pratheekshikunnu

Crazy Mind ഓരോ ഭാഗവും എത്രയും പെട്ടെന്ന് എത്തിക്കാന്‍ ശ്രമിക്കാം...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു. വരയും നന്നായിട്ടുണ്ട് .... തുടരുന്നില്ലേ?

ശരിയായ സമയത്ത് (ശുഭ മുഹൂർത്തത്തിൽ) 'പ്രൊക്രിയേഷൻ' നടത്തണമെന്ന് പരാശര മുനിക്ക്‌ നല്ലപോലെ അറിയാമായിരുന്നു. ആ അറിവിന്റെ ഫലമാണ് - വേദവ്യാസൻ!

അഭിപ്രായങ്ങള്‍